ഒറ്റ നോട്ടത്തില്‍
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ വടകര ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ ചോറോട് വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചോറോട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 12.75 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഒഞ്ചിയം, ഏറാമല പഞ്ചായത്തുകള്‍, തെക്ക് വടകര മുനിസിപ്പാലിറ്റി, പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് ഏറാമല, വില്ല്യാപ്പള്ളി പഞ്ചായത്തുകള്‍ എന്നിവയാണ്. ഒരു കാലത്ത് നെല്‍കൃഷിക്ക് പ്രസിദ്ധമായിരുന്നു ഈ പ്രദേശം. തികച്ചും ഒരു കടല്‍ത്തീര പഞ്ചായത്താണ് ചോറോട്. മൂന്നു കിലോമീറ്ററിലേറെ വരുന്ന കടല്‍ത്തീരമാണുള്ളത്. ഇന്നത്തെ ചോറോട് പഞ്ചായത്ത് ചോറോട്, വൈക്കിലശ്ശേരി എന്നീ റവന്യൂ വില്ലേജുകള്‍ ചേര്‍ന്നതാണ്. ചോറോട്, വൈക്കിലശ്ശേരി വില്ലേജുകള്‍ ചേര്‍ന്ന ചോറോട് പഞ്ചായത്ത് 1945 ഡിസംബര്‍ 23-നാണ് നിലവില്‍ വന്നത്. അന്ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുണ്ടായിരുന്നില്ല. ചില പരിഗണനകള്‍ വച്ച് പഞ്ചായത്തംഗങ്ങള്‍ മേലുദ്യോഗസ്ഥന്മാരാല് നിശ്ചയിക്കപ്പെടുകയായിരുന്നു. പഞ്ചായത്ത് അദ്ധ്യക്ഷനെ ബെഞ്ച് മജിസ്ട്രേറ്റ് എന്നാണ് വിളിച്ചിരുന്നത്. പീടികക്കണ്ടി രാമന് നമ്പ്യാരായിരുന്നു ബെഞ്ച് മജിസ്ട്രേറ്റ്. അഞ്ചു പേരാണ് പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് ജനങ്ങള്‍ കൈപൊക്കി വോട്ടു ചെയ്യുന്ന തെരഞ്ഞെടുപ്പ് രീതി വന്നു. അങ്ങിനെ നിലവില്‍ വന്ന ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് വി.സുകുമാരനും വൈസ് പ്രസിഡന്റ് ആയാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരിയും ആയിരുന്നു. പഴയ കടത്തനാടിന്റ ഭാഗമാണ് ചോറോട്. വടക്ക് കടല്‍ത്തീരത്തുള്ള ഗോസായികുന്നിന്റെ സമീപ പ്രദേശങ്ങളില്‍ ചരിത്രാവശിഷ്ടങ്ങള്‍ കാണാം. ഇവിടെ നിലം കിളക്കുമ്പോള്‍ ഈയ്യ ഉണ്ടകള്‍ കണ്ടുകിട്ടാറുണ്ട്. മൂന്നു കിലോമീറ്ററോളം നീളം വരുന്ന കടല്‍ത്തീരം പൊതുവേ വീതി കുറഞ്ഞതാണ്. വടക്ക് രയരങ്ങോത്ത് ഭാഗവും തെക്ക് കുരിയാടി ഭാഗവും ഒഴിച്ചാല്‍ കടല്‍ത്തീരത്തിന്റെ വീതി 100 മുതല്‍ 150 മീറ്റര്‍ വരെയാണ്. കടല്‍ത്തീരത്തുനിന്ന് 15 മുതല്‍ 20 മീറ്റര്‍ വരെ ചെങ്കുത്തായി ഉയര്‍ന്നു നില്ക്കുന്ന ചെങ്കല്‍ പാറകളും അവയുടെ ഉപരിതലം ഒരു കിലോമീറ്ററോളം വീതിയില്‍ ചെമ്മണ് പറമ്പുമായി കാണപ്പെടുന്നു. വടക്ക് രയരങ്ങോത്ത് ഭാഗത്തുള്ള ഗോസായിക്കുന്നു കഴിഞ്ഞാല്‍ രണ്ടു കിലോമീറ്ററോളം പൂഴി പ്രദേശമാണ്. ഇവിടെ തോടുകളും ചെറിയ വെള്ളക്കെട്ടു പ്രദേശങ്ങളും കാണപ്പെടുന്നു. തെക്ക് ഭാഗത്തുള്ള കൂരിയാടി അറക്കല്‍നട പ്രദേശങ്ങളും ഈ ഭൂപ്രകൃതി തന്നെ ഉള്ളവയാണ്. തീരദേശത്ത് കാണപ്പെടുന്ന ഈ ഉയര്‍ന്ന കരപ്രദേശം കഴിഞ്ഞാല്‍ വയല്‍ ഭാഗങ്ങളാണ്. വയലുകളേറെയും നികത്തപ്പെട്ടു. ഒരു കാലത്ത് വിശാലമായ നദിയോ സമുദ്രമോ ആയിരിക്കാം ഈ വയല്‍.
മുട്ടുങ്ങല്‍ കടപ്പുറം ബന്ധപ്പെട്ടുകിടക്കുന്ന മിത്തലങ്ങാടി പ്രാചീന കാലത്ത് ഒരു വലിയ കച്ചവടകേന്ദ്രവും മീന്‍പിടുത്ത കേന്ദ്രവുമായിരുന്നു. കടത്തനാട്ട് രാജവംശവുമായി ബന്ധപ്പെട്ട ചരിത്രമാണ് ചേന്ദമംഗലം അയ്യപ്പക്ഷേത്രത്തിനും, മുട്ടുങ്ങല്‍ കോവിലകത്തിനുമുള്ളത്. മുട്ടുങ്ങല്‍ കോവിലകത്തിന്റെ സ്ഥാപനം സംബന്ധിച്ച് ഒരു വടക്കന്‍ പാട്ടു തന്നെയുണ്ട്. കോവിലകത്തു നിന്ന് വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന മുട്ടുങ്ങല്‍ ജുമാ അത്ത് പളളിയും ഈ പാട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മുട്ടുങ്ങല്‍ കടപ്പുറത്ത് തന്നെയുള്ള വീശേലി പള്ളി അതിപുരാതനമായ ഒരു ശവകുടീര (ജാറം)മാണ്. രാമത്ത് പുതിയ കാവ് ക്ഷേത്രം, പുത്തന്‍ തെരു ഗണപതി ക്ഷേത്രം, വൈക്കിലശ്ശേരി പരദേവതാ ക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ട അനേകം ഐതിഹ്യങ്ങള്‍ ഈ ആവാസ കേന്ദ്രങ്ങളുടെ പഴമ സൂചിപ്പിക്കുന്നു. കുരിക്കിലാട്ടുള്ള അങ്ങാടി മലയ്ക്കും അതിന്റെ പാര്‍ശ്വഭാഗത്തുള്ള കപ്പച്ചേരിക്കും ഈ പേരുകള്‍ ലഭിച്ചത് പഴയകാലത്തുള്ള അവയുടെ സ്ഥാനം പരിഗണിച്ചായിരിക്കാം. വടകര മുനിസിപ്പാലിറ്റിയിലെ പുത്തൂര്‍ ഭാഗം മുതല്‍ ഒഞ്ചിയം പഞ്ചായത്തിലെ വെള്ളികുളങ്ങര വരെ നീണ്ടുകിടക്കുന്ന വിശാലമായ വയല്‍പ്രദേശം പഴമക്കാരുടെ ഓര്‍മ്മയില്‍ ഇന്നും പച്ചപിടിച്ചുകിടക്കുന്നു. അനേകം നൂറ്റാണ്ടുകള്‍ക്കുമുമ്പ് ശക്തിയായ ജലപ്രവാഹം കൊണ്ടോ മറ്റെങ്ങനെയോ വന്മരങ്ങള് കടപുഴകി വന്നത് ഈ വയല്‍ പ്രദേശങ്ങള്‍ക്കിടയില്‍ അവിടവിടെയായി കാണപ്പെടുന്നു. ചോറോട് പഞ്ചായത്തിലെ ഒരേ ഒരു ജലനിര്‍ഗ്ഗമന മാര്‍ഗ്ഗമായ പുഞ്ചത്തോട് നാളോം വയലിനെ രണ്ടായി പകുത്ത് ഏറാമല പഞ്ചായത്തിലെ കളിയാംവള്ളി പുഴയോട് യോജിക്കുന്നു. ഈ വയല്‍ പ്രദേശത്താല്‍ ചുറ്റപ്പെട്ട് ഒരു തുരുത്ത് പോലെ നില്ക്കുന്ന ഉയര്‍ന്ന ഭൂമിയാണ് മാങ്ങോട്ടുപാറ പ്രദേശം. വടക്കു മണിയാറത്ത്താഴ മുതല്‍ തെക്ക് മമ്പരങ്ങോളിതാഴ വരെ ഒന്നര കലോമീറ്ററോളം നീളത്തില്‍ ശരാശരി ഒരു കിലോമീറ്റര്‍ വീതിയില്‍ ഈ പ്രദേശം കാണപ്പെടുന്നു. സമുദ്രവിതാനത്തില്‍ നിന്ന് 20 മീറ്ററെങ്കിലും ഉയരം കാണുന്ന മാങ്ങോട്ടുപാറ ഭാഗം ശരിയായി വരണ്ട പാറ പ്രദേശമാണ്. തുരുത്തിന്റെ മറ്റു ഭാഗങ്ങള്‍ ചെമ്മണ് പറമ്പുകളാണ്. കാര്‍ഷിക വിഭവങ്ങളില്‍ പ്രധാനം നാളികേരം തന്നെ. നെല്‍കൃഷി നാമമാത്രമാണ്. ഒരു കാലത്ത് നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായിരുന്ന കൈത്തറി വ്യവസായം ചേന്ദമംഗലം, വൈക്കിലശ്ശേരി, പുത്തന്‍ തെരു എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരുന്നു. 1960-ന് മുമ്പ് കൃഷി ഭൂമിയുടെ 60% ത്തോളം നെല്വയലുകളായിരുന്നങ്കിലും ഇന്ന് അത് നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ മുഖ്യ വിള തെങ്ങ് തന്നെയാണ്