ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
സവിശേഷമായ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് കേരളത്തിന്റേത് ഇന്ത്യയുടെ തെക്കു പടിഞ്ഞാററ്റത്ത് അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയില്‍ കിടക്കുന്ന കൊച്ചു സംസ്ഥാനമാണ് കേരളം. കാലാവസ്ഥയും ഭൂപ്രകൃതിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂപ്രകൃതിക്കനുസരിച്ച് മലനാട്, ഇടനാട്, തീര പ്രദേശം എന്നിങ്ങിനെ കേരളത്തെ വിഭജിക്കാവുന്നതാണ്. അതനുസരിച്ച് തീര പ്രദേശത്ത് കിടക്കുന്നതാണ് റെയില്‍വേയും നാഷണല്‍ ഹൈവേയും കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചിരിക്കുന്ന വടക്കെ മലബാറിന്റെ ഭാഗമായ ചോറോട് ഗ്രാമ പഞ്ചായത്ത്. യഥാര്‍ത്ഥത്തില്‍ തീര പ്രദേശത്തില്‍ ഉള്‍പ്പെടുന്നതാണെങ്കിലും ഇടനാടിന്റേതായ അംശങ്ങളും നമുക്ക് ചോറോട് ഗ്രാമ പഞ്ചായത്തില്‍ കാണാവുന്നതാണ്.
1945 ഡിസംബറില്‍ 23 ന് നിലവില്‍ വന്ന ചോറോട് ഗ്രാമ പഞ്ചായത്തിന്റെ വിസ്തൃതി 12.75 ച.കിലോ മീറ്ററാണ്. പഴയ റവന്യൂ വില്ലേജുകളായ ചോറോട്,വൈക്കിലിശ്ശേരി, മുട്ടുങ്ങല്‍ എന്നിവ ചേര്‍ന്നതാണ് ഇപ്പോഴത്തെ ചോറോട് ഗ്രാമ പഞ്ചായത്ത് ഉള്‍പ്പെടുന്ന ചോറോട് വില്ലേജായി രൂപപ്പെട്ടത്. കിഴക്ക് ഏറാമല പഞ്ചായത്തുമായും തെക്ക് വടകര മുനിസിപ്പാലിറ്റിയും വടക്ക് ഒഞ്ചിയം ഗ്രാമ പഞ്ചായത്തുമായും ചോറോട് ഗ്രാമ പഞ്ചായത്ത് അതിര്‍ത്തി പങ്കിടുന്നു. കുന്നിന് പ്രദേശങ്ങളും നിരപ്പായ പ്രദേശങ്ങളും വയല്‍ പ്രദേശങ്ങളും അടങ്ങിയതാണ് ചോറോട് ഗ്രാമ പഞ്ചായത്ത്. 11 വാര്‍ഡുകളിലായി 14 പ്രധാന കുന്നുകള്‍ പഞ്ചായത്തിലുണ്ട്. കടല്‍ തീരത്തു നിന്നും 15 മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ ചെങ്കുത്തായി ഉയര്‍ന്നു നില്ക്കുന്ന ചെങ്കല്‍ പാറകള്‍ പഞ്ചായത്തിലുണ്ട്,. മാങ്ങാട്ടു പാറ, പാഞ്ചാരികാട് പ്രദേശത്താണ് ചെങ്കല്‍ പാറകളുള്ളത്. കുരിക്കിലാട്,അത്തോളി പാറ പ്രദേശങ്ങളില്‍ കരിങ്കള്‍ പാറകളുണ്ട്. ഇത്തരം പ്രദേശങ്ങള്‍ ശരാശരി വരണ്ട പ്രദേശങ്ങളാണ്. വയല്‍ പ്രദേശങ്ങള്‍ ധാരാളമുണ്ടായിരുന്ന പഞ്ചായത്തില്‍ അതിന്റെ വിസ്തൃതി ഇന്ന് വളരെയധികം ചുരുങ്ങിയിരിക്കുന്നു. കോടേരി താഴ,മത്തത്ത് താഴ,ചെമ്മച്ചേരി താഴ,മരക്കോത്ത് താഴ പുതക്കണ്ടി താഴ,നാളോം കണ്ടി താഴ എന്നിവയാണ് ഭാഗികമായി ഇന്ന് നിലനില്‍ക്കുന്ന വയല്‍ പ്രദേശങ്ങള്‍. നെല്‍കൃഷിക്ക് പ്രസിദ്ധമായ നെല്‍ വയലുകളില്‍ പലതും ഇന്ന് പുരയിടങ്ങളുമായി പരിണമിച്ചിരിക്കുന്നു. കൂടാതെയുള്ള വയലുകള്‍ തന്നെ പലതും തരിശായി കിടക്കുകയുമാണ്. കളിമണ്‍ പ്രദേശങ്ങളും കളിമണ്‍ ഖനനവും പഞ്ചായത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. കളിമണ്‍ പാത്ര നിര്‍മ്മാണവും ഓടു നിര്‍മ്മാണവും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. കളിമണ്‍ പാത്ര നിര്‍മ്മാണം ചെറിയ തോതില്‍ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഓടു നിര്‍മ്മാണം നിലച്ചു പോയിരിക്കുന്നു.
1,17,18,19,21 വാര്‍ഡുകളിലായാണ് തീര പ്രദേശം കിടക്കുന്നത്. വടക്ക് രയരങ്ങോത്ത് ഭാഗത്തു കാണുന്ന ഗോസായി കുന്ന് കഴിഞ്ഞാല്‍ ഈ പ്രദേശത്ത് 2 കി മി ഓളം പൂഴി പ്രദേശമാണ്. തെക്കു ഭാഗത്തുള്ള കുരിയാടി അറക്കല്‍ നട എന്നീ പ്രദേശങ്ങളിലും ഇതേ അവസ്ഥയാണുള്ളത്. നിരവധി തോടുകള്‍ പഞ്ചായത്തിലുണ്ട്. തീര പ്രദേശത്തുള്ള പ്രധാന ജല നിര്‍ഗ്ഗമന തോടാണ് കുരിയാടി നീര്ത്തടത്തില്പെട്ട ആമത്തോട്. പുഞ്ചത്തോട് പഞ്ചായത്തിനെ വലയം ചെയ്തു നില്ക്കുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ അഴിയൂര്‍ ബ്രാഞ്ച് കനാല്‍ 7 കി.മി യോളം (മെയിന്‍ കനാലുകളും ബ്രാഞ്ച് കനാലുകളും) ഭൂ പ്രകൃതിയെ ആകെ മാറ്റി മറിച്ചിരിക്കുന്നു.
കേരളത്തിലാകെ നിലനില്‍ക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ചോറോട് പഞ്ചായത്തിനേയും ബാധിച്ചിരിക്കുന്നു. ഏറ്റവും വലിയ പ്രശ്നം വയല്‍ നികത്തലും അതിന്റെ ഭാഗമായ വെള്ളക്കെട്ടുമാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം ചോറോട് പഞ്ചായത്തിനേയും സാരമായി ബാധിച്ചിരുന്നു. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജല നിര്‍ഗ്ഗമന മാര്‍ഗ്ഗമായ 4 കി.മി നീളമുള്ള പുഞ്ചത്തോടിന്റെ ഇരു ഭാഗത്തുള്ള കൈതോല കാടുകള്‍ (കുടില്‍ വ്യവസായമായ പായ നെയ്ത്ത് ഇന്ന് നിലച്ചു പോയിരിക്കുന്നു.) വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും മാലിന്യങ്ങള്‍ അടിഞ്ഞു കൂടാന്‍ ഇടയാവുകയും ചെയ്യുന്നു. പല തോടുകളും വീതി കുറഞ്ഞതിനാലും സൈഡ് ഭിത്തികള്‍ ഇല്ലാത്തതിനാലും കാടു പിടിച്ച് കിടന്ന് മാലിന്യങ്ങള്‍ അടിഞ്ഞു കൂടാന്‍ ഇടയാക്കുന്നു. വയല്‍ നികത്തല്‍ മൂലം വെള്ളം കെട്ടി കിടന്നുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. കുന്നുകള്‍ ഇടിച്ചു നിരത്തുകയും വയല്‍ നികത്തുകയും ചെയ്യുന്നത് നിയന്ത്രിച്ചില്ലായെങ്കില്‍ പരിസ്ഥിതിക്കുണ്ടാകുന്ന കോട്ടം അപരിഹാര്യമായിരിക്കും. ഓരോ വര്‍ഷവും പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിനായി വലിയ പരിശ്രമം നടത്തേണ്ടി വരുന്നുണ്ട്. ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് കോരളത്തിനുള്ളത് എന്നാല്‍ ലോകത്തെങ്ങുമുള്ള കാലാവസ്ഥാ വ്യതിയാനം കേരളത്തേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതല്‍ സുഖം തേടിയുള്ള മനുഷ്യരുടെ പരക്കം പാച്ചലില് നമ്മുടെ പരിസ്ഥിതിക്ക് വന്‍ ആഘാതം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പഞ്ചായത്തിലും നടക്കുന്നുണ്ട്. നാം അത് നിയന്ത്രിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും